
ദോഹ/മിലാൻ: വർധിച്ചുവരുന്ന പ്രാദേശിക അസ്ഥിരതകൾക്കിടയിൽ യൂറോപ്യൻ യൂണിയനും (EU) ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി മിലാനിൽ ഉന്നതതല യോഗം ചേർന്നു. 'ബ്രിഡ്ജിംഗ് സ്റ്റെബിലിറ്റി: ഇയു-ജിസിസി കോ-ഓപ്പറേഷൻ ഇൻ ആൻ ഇറ ഓഫ് ഫ്രാഗ്മെന്റേഷൻ' എന്ന പ്രമേയത്തിൽ മിലാനിലെ പലാസോ ക്ലെറിസിയിലാണ് ഉച്ചകോടി നടന്നത്.
ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസ് (ISPI), സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി റിസർച്ച് (CIPR) എന്നിവയുമായി സഹകരിച്ച് ദോഹ ഫോറവും മെഡ് ഡയലോഗുമാണ് പരിപാടി സംഘടിപ്പിച്ചത്.
നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സുരക്ഷയെയും എങ്ങനെ ബാധിക്കുന്നു എന്നത് ചർച്ചയായി.സുരക്ഷ, പ്രതിസന്ധി പരിഹാരം, ഊർജ്ജ സംരക്ഷണം, വ്യാപാരം എന്നീ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാൻ തീരുമാനിച്ചു.പ്രദേശം, തന്ത്രപ്രധാനമായ കടൽപ്പാതകൾ എന്നിവിടങ്ങളിലെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ നൽകും.ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി, ഗൾഫ് മേഖലയ്ക്കായുള്ള യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലുയിജി ഡി മായോ എന്നിവർ പ്ലീനറി സെഷനിൽ സംസാരിച്ചു.
സുരക്ഷയിലും ഊർജ്ജത്തിലും യൂറോപ്പിന്റെ സുസ്ഥിരമായ പങ്കാളിയാണ് ഗൾഫ് രാഷ്ട്രങ്ങൾ. അസ്ഥിരതകളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള സുസ്ഥിരമായ സഹകരണം അനിവാര്യമാണെന്ന് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിപറഞ്ഞു.യൂറോപ്പിന്റെയും ഗൾഫിന്റെയും സുരക്ഷ പരസ്പരബന്ധിതമാണെന്നും വെല്ലുവിളികളെ നേരിടാൻ കൂടുതൽ വിശ്വാസ്യതയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കണമെന്നും ലുയിജി ഡി മായോ വ്യക്തമാക്കി.ദോഹ ഫോറത്തിന്റെ 24-ാമത് എഡിഷൻ ഡിസംബർ 5, 6 തീയതികളിൽ ഖത്തറിലെ ദോഹയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 'റെഡിഫൈനിംഗ് ഗ്ലോബൽ ട്രസ്റ്റ്' (ആഗോള വിശ്വാസം പുനർനിർവചിക്കുക) എന്നതാണ് വരാനിരിക്കുന്ന ഉച്ചകോടിയുടെ പ്രമേയം. ലോകനേതാക്കളും നയതന്ത്രജ്ഞരും ഇതിൽ പങ്കുചേരും.










